പരുന്തിനെ നോക്കൂ...പരുന്തിനെക്കുറിച്ച് പറയപ്പെടുന്ന ഒരു കൗതുകമുണ്ട്. അത് കൂട് കെട്ടിയത് ഏത് മരച്ചില്ലയിലാണോ, ആ മരം നില്‍ക്കുന്ന വീട്ടിലെ കോഴിക്കുഞ്ഞുങ്ങളെ ആ പരുന്ത് ഉപദ്രവിക്കില്ല. ഇതിലെത്ര സത്യമുണ്ടെന്ന് അറിയില്ല. പക്ഷേ ഹൃദ്യമായൊരു ദര്‍ശനം ഇതിലുണ്ട്. ജീവിതത്തില്‍ കാത്തുവെക്കേണ്ട നേരിലേക്കുള്ള ചൂണ്ടുവിരല്‍. വിശക്കുന്നുണ്ട് പരുന്തിന്; കാണുന്നിടത്ത് ചിക്കിക്കളിച്ച് നടക്കുന്നുണ്ട് കോഴിക്കുഞ്ഞുങ്ങള്‍, പക്ഷേ വേണ്ട. നമ്മുടെയൊക്കെ ഉള്ളിലുണരേണ്ട നന്മയുടെ, നൈതികതയുടെ ഹൃദയാകര്‍ഷകമായ സാക്ഷ്യം.

നേര്‍ക്കുനേരെയൊരു ജീവിതത്തെയാണ് നാം അടയാളപ്പെടുത്തേണ്ടത്. വളഞ്ഞും തിരിഞ്ഞും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. കൊതിപ്പിക്കുന്ന കൗതുകങ്ങള്‍ കണ്‍വെട്ടത്തു തന്നെയുണ്ട്. കൂടും ചില്ലയും മരവും മണ്ണും സമ്മാനിച്ചവനോടുള്ള അതിരറ്റ കൃതജ്ഞതാ ബോധത്തില്‍ നിന്നുണരേണ്ട സൂക്ഷ്മതയാണ് നമ്മെ ജീവിപ്പിക്കേണ്ടത്.

അന്നമാണ് മനുഷ്യന്റെ എക്കാലത്തേയും വലിയ പ്രശ്‌നം. സത്യാസത്യങ്ങളെ പരിഗണിക്കാതെ പോകാറുള്ളതും പലപ്പോഴും അതില്‍തന്നെ. സ്‌നേഹ റസൂല്‍ വഴികാണിക്കുന്നു;
പ്രവാചക ശിഷ്യന്‍ അബു ഉമാമ പറയുന്നു: തിരുനബി ഭക്ഷണത്തില്‍നിന്ന് വിരമിക്കുമ്പോള്‍ ഇങ്ങനെ പറയും: 'അല്ലാഹുവിന് സര്‍വ്വ സ്തുതിയും. അവനെ വളരെയേറെ സ്തുതിക്കേണ്ടിയിരിക്കുന്നു. അവന്‍ പരിശുദ്ധനും വളരെയേറെ നന്മകളുള്ളവനുമാണ്. അവന്റെ അനുഗ്രഹങ്ങളെ തിരസ്‌കരിക്കാനും അവനെ കൈവിടാനും ആര്‍ക്കും കഴിയുകയില്ല. രക്ഷിതാവേ! നിന്നെ ആശ്രയിക്കാതെ ആര്‍ക്കും ജീവിക്കുക സാധ്യവുമല്ല'.

നമുക്കായി അനേകമിനം വിഭവങ്ങള്‍ ചുറ്റുമൊരുക്കുകയും, ഭക്ഷണശേഷം അതിനെ ഊര്‍ജമാക്കി പരിവര്‍ത്തിക്കുകയും ചെയ്യുന്ന ദയാനിധിയായ സ്‌നേഹനാഥനെയാണ് തിരുനബി ഇവിടെ ഓര്‍മിപ്പിക്കുന്നത്. ഭക്ഷണവുമായി ബന്ധമുള്ള അനേകം നിര്‍ദേശങ്ങള്‍ റസൂല്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. അതിലേറ്റവും പ്രധാനമായത് അന്നം കൊണ്ട് ധൂര്‍ത്ത് കാണിക്കരുതെന്നാണ്. ഒരു കുഞ്ഞു വറ്റ് പോലും അവശേഷിപ്പിക്കരുതെന്ന് കര്‍ശനമായി നിദേശിച്ചു. ഭക്ഷണത്തിലെ ലാളിത്യത്തിന് ആ ജീവിതം തന്നെയാണ് സാക്ഷി. കിട്ടിയതെന്തും സന്തോഷത്തോടെ കഴിച്ചു. കിട്ടാത്തപ്പോള്‍ പരാതിയില്ലാതെ കഴിഞ്ഞു. പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുത്ത് ഭക്ഷണമില്ലാതെ അന്തിയുറങ്ങി. അര്‍ഹമായതും ശുദ്ധമായതും മാത്രമേ കഴിക്കാവൂ എന്ന അല്ലാഹുവിന്റെ നിര്‍ദേശത്തിനു തിരുനബി സമ്പൂര്‍ണമായും കീഴൊതുങ്ങി.

ഒരിക്കല്‍ കൂട്ടുകാര്‍ സമ്മാനിച്ച പാല്‍ കുടിക്കും മുമ്പ്  അതെവിടെ നിന്ന് കിട്ടിയെന്നും എങ്ങനെ കിട്ടിയെന്നുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം പറഞ്ഞു: 'നല്ലതല്ലാതൊന്നും ഭക്ഷിക്കരുതെന്നും സല്‍ക്കര്‍മങ്ങളല്ലാതൊന്നും പ്രവര്‍ത്തിക്കരുതെന്നും നമ്മളോട് കല്‍പിച്ചിട്ടുണ്ട്.'

മറ്റൊരു താക്കീത്: 'പത്ത് ദിര്‍ഹമിന് വാങ്ങിയ വസ്ത്രത്തില്‍ ഒരു ദിര്‍ഹം അവിഹിതമായി സമ്പാദിച്ചതാണെങ്കില്‍ പോലും ആ വസ്ത്രം കൂടെയുള്ളത്ര കാലം അയാളുടെ ഒരു നമസ്‌കാരവും അല്ലാഹു സ്വീകരിക്കുകയില്ല.''

അവിടുത്തെ പ്രിയങ്കരനായ ശിഷ്യന്‍ സഅദ് ഒരിക്കല്‍ അഭ്യര്‍ഥിച്ചു: ''തിരുദൂതരേ,, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നവരില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട് അങ്ങ് പ്രാര്‍ഥിക്കുമോ?''

സഅദിനുള്ള മറുപടി നമുക്കുമുള്ളതാണ്: ''താങ്കളുടെ ഭക്ഷണം ഹറാമില്‍നിന്ന് മുക്തമാക്കുക. എങ്കില്‍ താങ്കളുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കും. അല്ലാഹുവാണ് സത്യം, ഒരാള്‍ ഹറാമായ ഭക്ഷണത്തില്‍ നിന്ന് ഒരു ഉരുള കഴിച്ചാല്‍പോലും അയാളുടെ നാല്പത് ദിവസത്തെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല.''

തിരുനബി വയര്‍ നിറയെ ഭക്ഷണം കഴിച്ചില്ല, ഓലപ്പായയില്‍ അന്തിയുറങ്ങിട്ടും മനസ്സുഖത്തോടെയായിരുന്നു ഉറക്കവും ഉണര്‍ച്ചയും!  ഒരു ദിവസം തിരുനബിയുടെ വീട്ടിലെത്തിയ ഉമര്‍, നബിയുടെ ശരീരത്തില്‍ ഈത്തപ്പനയോലയുടെ അടയാളം കണ്ട് കരഞ്ഞുപോയി. ആ കണ്ണീര്‍ തുടച്ചുകൊണ്ട്  എളിമയുടെ ആ മഹാപ്രവാഹം ഇത്രമാത്രം പറഞ്ഞു:

''ഉമര്‍, സുഖങ്ങള്‍ പെരുകിയാല്‍ സ്വര്‍ഗം നേടാനാവില്ല. രസങ്ങള്‍ കുറച്ചു മതി. എന്റെ മനസ്സ് ശാന്തമാണ്. എനിക്കു പരാതികളില്ല; ഞാന്‍ കരയുന്നില്ല. ഉമര്‍, താങ്കളും കരയരുത്!''

സ്വന്തം താല്പര്യങ്ങളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ താല്‍പര്യങ്ങളെ വിലമതിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം പൂര്‍ണമാവുന്നത്. 

© അബ്ബ
poomaram-abba.blogspot.com

Comments

Popular posts from this blog

കാത്തിരിക്കൂ, ഏത് ജലാശയവും തെളിയും

പുഞ്ചിരിച്ച് പറയാം എനിക്കിത്ര മതി