കാത്തിരിക്കൂ, ഏത് ജലാശയവും തെളിയുംകടയില്‍ പോയി തിരിച്ചെത്തിയ അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മകന്‍ അനിയത്തിയെക്കുറിച്ച് പരാതി പറഞ്ഞു; ചുമരിലാകെ കളര്‍ പെന്‍സില്‍ കൊണ്ട് എന്തൊക്കെയോ വരച്ചിട്ടിരിക്കുന്നു അവള്‍. വില കൂടിയ വാള്‍ പേപ്പറുകള്‍ കൊണ്ട് വീട് അലങ്കരിച്ചിട്ട് അധിക ദിവസമായിട്ടില്ല. അമ്മയുടെ ഉള്ളില്‍ അരിശം അരിച്ചുകേറി. വളരെ വേഗം മാപ്പുകൊടുക്കാന്‍ പാവം ആ അമ്മയ്ക്ക് സാധിക്കണമെന്നില്ല. ഒരു വടിയെടുത്ത് മകളുടെയരികിലേക്ക് ദേഷ്യത്തോടെ ഓടുകയായിരുന്നു അമ്മ. കളര്‍പ്പെന്‍സിലുകള്‍ വസ്ത്രത്തിലൊളിപ്പിച്ച് പേടിച്ചുനില്‍ക്കുകയാണ് ആ കുഞ്ഞ്. കുത്തിവരച്ചതിലേക്ക് ഒന്ന് കണ്ണോടിച്ച അമ്മ അത് വെറും കുത്തിവരയല്ലെന്ന് പെട്ടെന്ന് വായിച്ചെടുത്തു. ചുമരില്‍ അവള്‍ക്ക് എത്താവുന്നിടത്തൊക്കെ പല നിറങ്ങളില്‍ അവള്‍ കോറിയിട്ടതു മുഴുവന്‍ ഒരേയൊരു വാക്കായിരുന്നു; 'ഐ ലവ് യൂ മമ്മാ'

വടി ദൂരെയെറിഞ്ഞ് നിറഞ്ഞ കണ്ണുകളോടെ മോളെ വാരിപ്പുണരുകയായിരുന്നു ആ അമ്മ.

സ്‌നേഹത്തിന്റെ മുന്നിലാണ് ആരുടെയും കണ്ണു നിറയുന്നത്. എവിടെയോ ഒരാള്‍ നമ്മെ സ്‌നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ആനന്ദം. പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ലെങ്കിലും അരികിലുള്ളവര്‍ നമ്മെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അത്ര നല്ല കയ്യക്ഷരങ്ങളിലൂടെയൊന്നും അല്ലെങ്കിലും ഓരോ ആളും കുത്തിവരക്കുന്നത് 'നിന്നെ ഞാനൊരുപാട് സ്‌നേഹിക്കുന്നു' എന്ന് തന്നെയാണ്.

ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്തില്‍ സംശയാലുക്കളാണ് അധികമനുഷ്യരും. 'നീയെന്നെ എന്നെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ' എന്ന് കൂടുതലും ചോദിച്ചത് നമ്മെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചവരോടായിരിക്കും. 'നിങ്ങളെന്നെ എപ്പോഴെങ്കിലും മനസ്സിലാക്കിയോ' എന്ന ചോദ്യവും അങ്ങനെത്തന്നെ. പ്രശ്‌നം ഇത്രേയുള്ളൂ, അരികിലുള്ള ഓരോ മനുഷ്യനും സന്തോഷത്താലും സങ്കടപ്പെട്ടും സഹിച്ചും കരുതിവെച്ചും നമുക്കുവേണ്ടി കുത്തിവരച്ചത് നമ്മളെപ്പൊഴോ വായിക്കാന്‍ മറന്നുപോയി. സൂക്ഷിച്ചു വായിച്ചാല്‍ അവയില്‍ തെളിഞ്ഞുകാണാമായിരുന്നു ആ സ്‌നേഹം.

ലാറ്റിനമേരിക്കയിലെ പ്രശസ്തമായ ഒരു നോവലാണ് കൊമാല. മരിച്ചവരുടെ നഗരമാണു കൊമാല. അവിടെ ഓരോ മനുഷ്യനും ഒപ്പം കഴിയുന്നുണ്ട്, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നുണ്ട്, ഒരുമിച്ച് കിടന്നുറുങ്ങുന്നുണ്ട്. പക്ഷേ ഓരോരുത്തരും മരിച്ചവരാണ്. പലപ്പോഴും ഇതേപോലെയൊക്കെ ആകുന്നുണ്ടോ നമ്മുടെയും ജീവിതം? എവിടെയാണ് നമ്മുടെ ജീവിതത്തിന് ജീവന്‍ നഷ്ടപ്പെടുന്നത്. പരസ്പരമുള്ള വാക്കുകളില്‍ നിന്ന് എപ്പോഴാണ് ജീവന്റെ തുടിപ്പുകള്‍ നഷ്ടപ്പെട്ടുപോകുന്നത്? ഒപ്പം കഴിയുന്നവര്‍ക്ക് പോലും അന്യോന്യം ജീവസ്സുറ്റ ഒരു സ്‌നേഹം പടുത്തുയര്‍ത്താന്‍ കഴിയാതെ പോകുന്നില്ലേ? ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടണം. മരിച്ചതുപോലെ തണുത്തുകൊണ്ടല്ല, ജീവനോടെ തുള്ളിച്ചാടാന്‍, പുഞ്ചിരിക്കാന്‍, വാരിപ്പുണരാന്‍ നമുക്കു കഴിയും.

മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. മണ്ണിന്റെ പ്രത്യേകതകളെല്ലാം നമ്മില്‍ ഓരോരുത്തരിലുമുണ്ട്. ചിലപ്പോള്‍ വേനല്‍, ചിലപ്പോള്‍ ശൈത്യം, വസന്തം, ശിശിരം, വേലിയേറ്റങ്ങള്‍, ഇറക്കങ്ങള്‍... എല്ലാ ഋതുക്കളും നമ്മുടെ അകത്തും വന്നുപോയ്‌ക്കൊണ്ടിരിക്കുന്നുണ്ട്. നമ്മിലുള്ളതുപോലെ നമ്മോട് ബന്ധമുള്ള ഓരോ ആളിലുമുണ്ട് ഈ ഋതുഭേദങ്ങള്‍. ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥകളെ ഉള്‍ക്കൊള്ളാനാകുമ്പോള്‍ ആരെയും നമുക്ക് ഉള്‍ക്കൊള്ളാനാകുന്നു. 'നിനക്ക് പഴയ സ്‌നേഹമൊന്നും ഇപ്പോഴില്ല' എന്നുപറഞ്ഞ് പിന്നെ നമ്മളാരെയും വേദനിപ്പിക്കില്ല.

കുറച്ച് കാത്തിരുന്നാല്‍ തെളിയാത്ത ഒരു ജലാശയവുമില്ല. നമുക്ക് കാത്തിരിക്കാം. കുറഞ്ഞുപോയ സ്‌നേഹം കൂടിവരും. അകന്നുപോയവരെല്ലാം അരികില്‍ വരും. കൊഴിഞ്ഞുപോയ ബന്ധങ്ങളെല്ലാം വീണ്ടും ചേര്‍ന്നണയും. ഒടുവില്‍, ഉണങ്ങിപ്പോയ മരം വീണ്ടും തളിര്‍ത്ത് പൂവിടും. അപ്പോള്‍, അന്നോളം മുഖംതിരിച്ചു പോയവരെല്ലാം ചേര്‍ത്തുപിടിച്ച് ചുംബിക്കും.

ആക്ഷേപകവിതകള്‍ കൊണ്ട് അങ്ങേയറ്റം ഉപദ്രവിച്ച കഅബ് ബിനു സുഹൈറിനെ മക്കാ വിജയ ദിവസം ചേര്‍ത്തുപിടിച്ച്, 'കഅബ് എനിക്കൊരു പാട്ട് പാടിത്തരോ' എന്നുചോദിച്ച അലിവിന്റെ അലകടലാണ് സ്‌നേഹറസൂല്‍. സ്‌നേഹവും സ്‌നേഹപ്രകടനങ്ങളും പിശുക്കൊട്ടുമില്ലാതെ ആവിഷ്‌കരിച്ച ആ മഹാജീവിതത്തിന്റെ തൊട്ടുപിറകില്‍ തന്നെ നമുക്കും നടക്കാം.  

© അബ്ബ
poomaram-abba.blogspot.com

Comments

Popular posts from this blog

പരുന്തിനെ നോക്കൂ...

പുഞ്ചിരിച്ച് പറയാം എനിക്കിത്ര മതി