പുഞ്ചിരിച്ച് പറയാം എനിക്കിത്ര മതിഒരു കഥയുണ്ട്, വെറുമൊരു കഥ. സുന്ദരിയായ ദേവദാസിയോട് പ്രണയം തോന്നിയ സന്യാസി അവളെ കാണാന്‍ രാത്രി പുറപ്പെടുന്നു. പുഴ കടന്നുപോകണം അവളുടെ വീട്ടിലേക്ക്. പുഴയിലേക്കിറങ്ങിയപ്പോള്‍ എന്തോ ഒഴുകി വരുന്നു. അതില്‍ പിടിച്ച് മെല്ലെ തുഴഞ്ഞു. അക്കരെയെത്തിയപ്പോഴാണ് അതെന്താണെന്ന് തിരിച്ചറിയുന്നത്, അതൊരു മൃതദേഹമായിരുന്നു!

ഉയരത്തിലാണ് അവളുടെ വീട്. തൂങ്ങിക്കിടന്ന ഒരു വള്ളിയില്‍ പിടിച്ച് അയാള്‍ മുകളിലെത്തി. മുകളിലേക്കെത്തി ആശ്വസിച്ചപ്പോളാണ് അയാള്‍ തിരിച്ചറിഞ്ഞത്, അത് വള്ളിയായിരുന്നില്ല ഉഗ്രവിഷമുള്ള പെരുമ്പാമ്പായിരുന്നു!

ഇതൊക്കെ കേട്ട അവള്‍ സന്യാസിയോട് ഇത്രമാത്രം പറഞ്ഞു: ''എന്നോടുള്ള സ്‌നേഹം താങ്കളെ ധീരനാക്കുന്നു. മറ്റൊന്നിനെയും പേടിയില്ലാത്ത കരുത്തനാക്കുന്നു. ഇത്രകാലവും താങ്കള്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവത്തോട് ഇങ്ങനൊരു സ്‌നേഹം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്രയധികം കരുത്തുറ്റവനായിരിക്കും നിങ്ങള്‍!''

പേടിയേതുമില്ലാത്ത ശാന്തതയാണ് ശരിയായ ആത്മീയത. ഇളക്കമില്ലാത്ത ഈടുറപ്പാണത്. നമ്മുടെ ചുറ്റും പലതരം ഋതുക്കള്‍ വന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തണുപ്പ്, ഇനി ചൂട് വരും. മഴയും വെയിലും വന്നുപോകും. എല്ലാത്തിനെയും ഭൂമി ഒരേവിധം സ്വീകരിക്കുന്നു, യാത്രയാക്കുന്നു. പച്ചിലകള്‍ പഴുക്കുന്നു, വാടുന്നു, കൊഴിയുന്നു. പുത്തനിലകള്‍ തളിര്‍ക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഋതുക്കള്‍ നമ്മിലുമുണ്ട്. സങ്കടമായും ആനന്ദമായും നിറം മാറിക്കൊണ്ടിരിക്കുന്ന ജീവിതം. നിര്‍ഭയരായി എല്ലാത്തിനെയും സ്വീകരിക്കാനും യാത്രയാക്കാനും നമുക്കും സാധിക്കണം. അങ്ങനൊരു കരുത്ത് കൈവരുന്നത് ദയാനിധിയായ സ്‌നേഹനാഥനെ അഗാധമായി അറിഞ്ഞ് സ്‌നേഹിക്കുമ്പോഴായിരിക്കും.

ജപ്പാനിലെ ഗോത്ര സമൂഹത്തില്‍ ഒരു ആചാരമുണ്ട്. കുട്ടികള്‍ക്ക് അഞ്ച് വയസ്സാകുമ്പോള്‍ ഒരു രാത്രി ഒറ്റയ്ക്ക് കൊടുംകാട്ടില്‍ പാര്‍പ്പിക്കും. മനക്കരുത്ത് ലഭിക്കാനാണിത്. വന്യമൃഗങ്ങളുടെ അലര്‍ച്ചകള്‍ ചുറ്റുമുണ്ടാകും. ഒരു പോള കണ്ണടയാതെ പേടിച്ച് കഴിയും കുഞ്ഞുങ്ങള്‍. നേരം പുലരുമ്പോഴാണ് തൊട്ടരികില്‍ ഒരാളെ കാണുന്നത്, അത് അച്ഛനായിരിക്കും. രാത്രി മുഴുവന്‍ അവന് അച്ഛന്റെ കാവലുണ്ടായിരുന്നു!

രാത്രിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ഭയപ്പാടുകള്‍ കുട്ടികള്‍ക്ക് അതോടെ തീരുന്നു.

'അവന്‍ നമ്മുടെ അരികിലുണ്ട്' എന്നാണ് സൗര്‍ഗുഹയില്‍ ഭയപ്പെട്ടിരുന്ന അബൂബകര്‍ സിദ്ദീഖിനോട് തിരുനബി മെല്ലെ പറഞ്ഞുകൊടുത്തത്. അതോടെ അദ്ദേഹവും നിര്‍ഭയനായി. കണ്ണുനിറയുന്ന ഓരോ നേരത്തും ഈ വാക്ക് നമ്മെയും കരുത്തരാക്കണം, 'ഏറ്റവും വലിയവന്‍ അരികിലുണ്ട്.'

തൊണ്ണൂറ്റിമൂന്നാം അധ്യായം ഖുര്‍ആനില്‍ നിന്ന് ജീവിതത്തിലേക്ക് പെയ്യുന്ന ആശ്വാസത്തിന്റെ മഴയാണ്. ജീവിതവ്യഥകളില്‍ നിന്ന് പ്രത്യാശയുടെ തെളിച്ചത്തിലേക്ക് കൈപിടിക്കുന്നു അദ്ദുഹാ അധ്യായം. നഷ്ടബോധത്തിന്റെ അഴലില്‍ അള്ളിപ്പിടിച്ച് തകര്‍ന്നടിയുന്ന മനസ്സുകള്‍ക്ക് പുതിയൊരു വെളിച്ചത്തിന്റെ വാതില്‍ തുറക്കുന്നു. അനുഭവിച്ച വേദനകളെക്കാള്‍ ആസ്വദിച്ച അനുഗ്രഹങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍ പ്രത്യാശയുടെ പുതിയ പുലരികളിലേക്ക് നാം പുഞ്ചിരിച്ചുണരുമെന്ന് പറഞ്ഞുതരുന്നു.

ലോകത്തിനാകെ അനുഗ്രഹമായ പ്രവാചകജീവിതം ലോകത്തുനിന്ന് അധികം അനുഗ്രഹങ്ങള്‍ ആസ്വദിച്ചിട്ടില്ല. ഓര്‍ത്തുനോക്കൂ, ഉമ്മ, ഉപ്പ, ഉടപ്പിറപ്പുകള്‍... ഈ ജീവിതയാത്രയെ ഹൃദ്യമാക്കുന്ന ബന്ധങ്ങളൊന്നും ആ ജീവിതത്തിന് കിട്ടിയില്ല. മുന്നിലൊരു വെളിച്ചമാണ് ഉപ്പ. അലിവിന്റെ അഴകാണ് ഉമ്മ. കരുത്തും കരുതലുമാണ് ഉടപ്പിറപ്പുകള്‍. സങ്കടങ്ങള്‍ വരുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ നമുക്ക് കുറച്ച് സന്തോഷങ്ങളുമുണ്ട്. പക്ഷേ നമ്മുടെ തിരുനബിക്ക് നമ്മുടെയത്ര അതൊന്നും കിട്ടിയില്ലെന്ന് ഓര്‍ക്കാറുണ്ടോ നമ്മള്‍? സങ്കടങ്ങളാണ് കൂടുതലും കിട്ടിയത്. പ്രവാചകത്വം ലഭിച്ചപ്പോള്‍ സ്‌നേഹിച്ചവര്‍ പോലും വെറുത്തു. നെഞ്ച് പൊള്ളുന്ന അനുഭവമാണ് സ്‌നേഹിച്ചവരുടെ വെറുപ്പ്. പിറവി മുതല്‍ സങ്കടപ്പുഴ നീന്തിയ ആ ജീവിതത്തെ മനോദു:ഖത്തിന്റെ നിഴലടിക്കാതെ എത്ര കരുതലോടെയാണ് ഹൃദയനാഥന്‍ കരയ്ക്കടുപ്പിച്ചത്!

അത്ര കരുതലും കാരുണ്യവും നമുക്കായും കാത്തിരിപ്പുണ്ടെന്നല്ലേ സൂറതുദ്ദുഹാ ചുരുക്കിപ്പറയുന്നത്? വയലില്‍ നിറയെ നെല്ലുണ്ട്. എന്നിട്ടും പക്ഷികള്‍ ഇന്നത്തേക്ക് ആവശ്യമുള്ളത് മാത്രമെടുക്കുന്നു. 'ഇത്രയൊക്കെ മതി'യെന്ന് ജീവിതത്തോട് ധീരമായി പറയാന്‍ നമുക്കും കഴിയട്ടെ. മായാത്തൊരു പുഞ്ചിരി എപ്പൊഴും കൂടെയുണ്ടാകട്ടെ.   

Comments

Popular posts from this blog

കാത്തിരിക്കൂ, ഏത് ജലാശയവും തെളിയും

പരുന്തിനെ നോക്കൂ...